കൊച്ചി : മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് ഡോ.വി.എ. അരുണ്‍ കുമാറിന്റെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പദവി നിയമനവുമായി ബന്ധപ്പെട്ട വിഷയം ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഐഎച്ച്ആര്‍ഡിയുടെ ഡയറക്ടര്‍ പദവിയിലെത്താന്‍ അനുവദിക്കണോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കാനാണു കേസ് ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ജസ്റ്റീസ് ഡി. കെ. സിംഗ് നിര്‍ദേശിച്ചത്. ഓഡിറ്റുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ ആവശ്യപ്പെട്ട് എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ഡീന്‍ ഡോ. വിനു തോമസ് നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണു സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ഡിജിറ്റല്‍ പകര്‍പ്പ് എടുക്കാന്‍ അനുവദിക്കാത്ത നടപടി ഡയറക്ടറുടെ പ്രതികാരമായി കാണാം. ഡയറക്ടര്‍ ഇന്‍ ചാര്‍ജായ അരുണ്‍ കുമാറിനു ഡയറക്ടറുടെ ചുമതല വഹിക്കാന്‍ യോഗ്യതയുണ്ടോയെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കേണ്ടതു ഡിവിഷന് ബെഞ്ചാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ രേഖകള്‍ നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തൃക്കാക്കര മോഡല്‍ എന്‍ജിനിയറിംഗ് കോളജില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആയിരിക്കേ മെന്‍സ് ഹോസ്റ്റലില്‍ ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങിയതു സംബന്ധിച്ച അക്കൗണ്ട് ഓഡിറ്റിലെ പരാമര്‍ശങ്ങളില്‍ ഡോ. വിനു തോമസിനു ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. മെമ്മോയിലെ ആരോപണങ്ങള്‍ സംബന്ധിച്ച ഡിജിറ്റല്‍ പകര്‍പ്പ് ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.